ചില കീര്‍ത്തനങ്ങളുടെ ആശയവിവര്‍ത്തനം


(ഭൂവിലശേഷം)
ഭൂലോകമാകെ 
ദൈവാത്മപ്രേരിതരായ-പ്പോസ്തോലര്‍ പോയ് 
ദൈവത്തിന്‍ രാജ്യം 
ആസന്നമിതെന്ന സു-വാര്‍ത്ത പ്രഘോഷിച്ചെങ്ങും 
ഈ സദ്വാര്‍ത്ത കൈക്കൊള്‍-വോരാനുഗ്രഹീതര്‍ 
ഘോഷിച്ചാരേവം

പൌലൊസ് ശ്ലീഹാ
താക്കീതായ് ഉര ചെയ്തേവം:
ഞങ്ങളുദ്ഘോഷിച്ച സദ്-വാര്‍ത്തയ്-
ക്കെതിരായ് ഉപദേശിക്കുന്നോര്‍
ദൈവത്തിന്‍ ദൂതന്മാരാകുകിലും
എറ്റീടും സഭയിന്‍ ശാപം
ബഹുവിധമാം ഉപദേശങ്ങള്‍
ഭൂതലമാകെ മുളയ്ക്കുന്നു
നിങ്ങള്‍ ശ്രവിച്ച സദ്-വാര്‍ത്തയതില്‍
സ്ഥിരമായ് നില്‍ക്കുന്നോര്‍ ധന്യര്‍

യജമാനന്‍ വരുമന്നേരം
ഉണര്‍ന്നിരുന്നു തന്‍
മുന്തിരിത്തോപ്പില്‍ പണി ചെയ്യും
ദാസര്‍ അതിധന്യര്‍
പകലെല്ലാം തന്‍ കൂടെ പണിതോര്‍-
ക്കവനര കെട്ടി ശുശ്രൂഷിച്ചീടും
താതനൊരുക്കും വിരുന്നൊന്ന്
സുതന്‍ ശുശ്രൂഷിക്കും
പരിശുദ്ധാത്മാവോ മെനയും
മകുടങ്ങളവര്‍ക്കായി
ഹലേലൂയ്യാ ചൂടും ശിരസ്സിന്‍മേല്‍

ദൈവസുതര്‍ നാമായിടുവാന്‍
മാതൃക കാട്ടി പഠിപ്പിച്ച
താതന്മാരെ ഓര്‍ത്തീടാം
ആരാധിക്കും വേളയില്‍ നാം
ശാശ്വതമാം സ്വര്‍ഗരാജ്യത്തില്‍
നീതിമാന്‍മാര്‍ സിദ്ധന്‍മാര്‍
എന്നിവര്‍ക്കൊപ്പം ദൈവസുതന്‍
ആശ്വാസമവര്‍ക്കേകീടും

(നിന്നാള്‍ സ്തുതിയൊട് )
കണ്ടാലും രാജകുമാരി ഹാലേലൂയ്യാ
വലഭാഗെ രാജഭാമിനിയായ്
രാജാവിന്‍ പ്രിയം നേടാന്‍ ഹാലേലൂയ്യാ
മറക്കൂ ഗൃഹവും സ്വജാതിയെയും

ഭക്തര്‍ പുകഴ്ചാ ഭാജനമേ 
അങ്ങയിലുരുവാം ഏകസുതന്‍
ഞങ്ങളിലാര്‍ദ്രത തോന്നീടാന്‍ 
അര്‍ഥിച്ചാലും ഞങ്ങള്‍ക്കായ്

(മന്നമകള്‍ക്കായി )
രാജകുമാരിയെ ഗബ്രിയേല്‍ 
അഭിവാദ്യം ചെയ്താന്‍
നാഥന്‍ നിന്‍ കൂടെനിന്നാല്‍ 
താന്‍ ജാതം ചെയ്യും

അഖിലജഗത്തിന്നും പതിയെ 
കൈക്കൊണ്ടാള്‍ മറിയം
തന്നുടെ ജീവിതമാം നൌക 
തന്‍ കപ്പിത്താനായ്

(മോറാനീശോ കുരിശും )
നാഥാ അങ്ങേ കഷ്ടതയിന്‍ 
കുരിശും മാതൃപ്രാര്‍ഥനയും
കഷ്ടപ്പാടിന്‍ അടികളെയും 
വടികളെയും നീക്കീടേണം.

(നയവാന്‍ പനപോലെ )
പനപോല്‍ വളരും നീതിമാന്‍ ഹാലേലൂയ്യാ
ലബനോനിലെ ദേവതാരു പോല്‍
വാര്‍ദ്ധക്യത്തിലും തളിര്‍ നീട്ടി ഹാലേലൂയ്യാ
പുഷ്ടിയോടെ ഫലം നല്‍കീടും

(ഒരുപോലിങ്ങും)
ഭൂസ്വര്‍ഗങ്ങളില്‍ മാര്‍ത്തോമ
അങ്ങേ സ്മൃതി ആഘോഷിപ്പൂ
പ്രാര്‍ഥിച്ചാലും പരിശുദ്ധാ
അങ്ങേ മാനിക്കുന്നോര്‍ക്കായ്

(പ്രാര്‍ഥനയിന്‍ സമയമിതല്ലോ )
പ്രാര്‍ഥനയുടെയീ നേരത്ത് തോമാശ്ലീഹ
ഈ അജഗണത്തിന്നായ് പ്രാര്‍ഥിച്ചാലും
മാധുര്യമുള്ളങ്ങേ ശ്രുതി ശ്രദ്ധിച്ചീടും
ആടുകളെ മോശയെപ്പോല്‍ വാഴ്ത്തീടേണം

അങ്ങേ വിളിച്ച പിതാവിന്നും തോമാശ്ലീഹ
അങ്ങേ സ്മരണയെ മാനിച്ച സുതന്നും സ്തോത്രം
അങ്ങേക്കൊരു മകുടം ചാര്‍ത്തും റൂഹാ വന്ദ്യന്‍
അങ്ങേ പ്രാര്‍ഥന ഞങ്ങള്‍ക്ക് തുണയാകേണം

പരിശുദ്ധന്മാരെ നിങ്ങള്‍
കര്‍ത്താവോടു പ്രാര്‍ഥിച്ചാലും
കഷ്ടതയിന്‍ അടികളെയും കോ-
പത്തിന്‍ വടികളെയും നീക്കാന്‍

(ചാര്‍ത്തും നീതിയെ)
അണിയും നീതിയെ ശ്രേഷ്ഠാചാര്യന്‍മാരും
മഹിമയെ നീതിമാന്മാരും -- ഹാ -- ഹാ
ദാവീദിനെയോര്‍ത്തവിടുത്തെ മുഖം
അഭിഷിക്തരില്‍ നിന്നും തിരിക്കരുതേ
നിന്‍മക്കള്‍ പാലിച്ചിടുമെങ്കില്‍ ഹാഹാ
നിയമങ്ങളെയും സാക്ഷ്യങ്ങളെയും

ശുചിയോടു ശുദ്ധ്യാ ശുദ്ധസ്ഥലം
സ്പര്‍ശിച്ചോരാം പാദങ്ങള്‍
സ്പര്‍ശിക്കേണം പറുദീസിന്‍
വാതില്‍ വാനവരോടൊപ്പം

ദൈവം സൃഷ്ടിച്ചാദത്തെ
സ്രഷ്ടാവൊടു തുല്യന്‍ സൃഷ്ടി
താന്‍ മണ്ണാലുരുവാക്കിയതാം
മനുജന്‍ തോട്ടത്തില്‍ക്കൂടെ
പോയ് വരുന്നത് കണ്ടീശന്‍
കൌതുകപൂര്‍വം വീക്ഷിച്ചാന്‍
മണ്ണിന്നുയര്‍ച്ചയിലാശ്ചര്യം
പൂണ്ടാര്‍ സ്വര്‍ഗീയരീറേര്‍

ആദ്യാചാര്യത്വം കൈക്കൊ-
ണ്ടഹരോന്‍ മോശയുമൊന്നിച്ചു
സ്കറിയായ്ക്കതു നല്‍കി മോശ
സ്കറിയ യോഹന്നാനേകി
യോഹന്നാന്‍ കര്‍ത്താവിന്നും
കര്‍ത്തന്‍ തന്‍ ശിഷ്യന്മാര്‍ക്കും
ശിഷ്യന്മാര്‍ നാനാ ജാതി-
ക്കാര്‍ക്കേകി ആചാര്യത്വം

(മുടികള്‍ മുടഞ്ഞോട്ടി )
മകുടങ്ങള്‍ നിരനിരയായി ബലിപീഠത്തിലിരിപ്പുണ്ട്
നിര്‍മലരായ് ശുശ്രൂഷിക്കും ആചാര്യരെയണിയിപ്പാനായ്

ആചാര്യേശാ മശിഹാ അങ്ങേ ശുശ്രൂഷിക്കും
ആചാര്യര്‍ മേല്‍ അനുഗ്രഹമാരി വര്‍ഷിക്കേണം

(മക്കളിലപ്പന്‍ )
സുതരോടു താതന്‍ കൃപ ചെയ്-വതു പോലെ ഹാ--
തന്‍ഭക്തരില്‍ ദൈവം കൃപ ചെയ്യും
പുല്ലിന് തുല്യം നരനുടെ ആയുസ്സ് ഹാ-
വയലിലെ പൂച്ചെടി തന്‍ പുഷ്പം പോല്‍

(ശരണത്താലേ )
അഭയം അങ്ങയിലര്‍പ്പിച്ച് 
നിദ്രയടഞ്ഞ സഹോദരരേ
അങ്ങേ ജീവധ്വനി ജീവി-
പ്പിച്ചേറ്റുക പറുദീസായില്‍

(രക്ഷകനെ നിന്‍ ഗാത്രത്തെ)
അങ്ങേ വിലയേറിടും രക്തശരീരങ്ങള്‍
കൈക്കൊണ്ടിഹലോകേ നിന്നും വാങ്ങിപ്പോയോര്‍
അത്യാകാംക്ഷയോടങ്ങേയ്ക്കായ് കാത്തിടുമിവരെ
ജീവിപ്പിച്ചണിയിക്കേണം അങ്ങേ ശോഭ

മേഘാരൂഢനായി രാജാധിരാജന്‍
മൃതരെ ജീവിപ്പിപ്പാനെഴുന്നെള്ളീടുന്നു
കാഹളനാദം കേട്ടിട്ടതിവേഗം ഭക്തര്‍
നവവസ്ത്രമണിഞ്ഞതിമോദാല്‍ എതിരേല്‍ക്കുന്നു

(മരമതിന്നുയരെ)
കര്‍ത്താവേ കുരിശിന്‍മീതെ 
കള്ളനു നല്‍കിയ ദിവ്യവരം
ത്രിത്വത്തെ സ്തുതിച്ചു മൃത-
രായോരും പ്രാപിക്കേണം.

(കാഴ്ചയിതില്‍)
ആഹ്ലാദിച്ചാലും നാഥാ 
ഈ ബലിയില്‍ ഈറയരൊപ്പം
ആശ്വാസം പ്രാപിക്കേണമേ 
വാങ്ങിപ്പോയോരാം ഭക്തര്‍

(മാതാവു യാചിക്കും )
മാതാവിന്നുടെയും ശുദ്ധരുടെയും പ്രാര്‍ഥനയാല്‍
മൃതരെയും ഞങ്ങളെയും അനുഗ്രഹിക്ക.


 (നാഥാ തേ സ്തുതിയും)
നമിക്കുന്നേ നാഥാ, വണങ്ങു-ന്നേ താതാ, സ്തുതിച്ചീ-ടുന്നങ്ങേ പരിശുദ്ധാത്മാവേ!
പാപികളടിയാരോട് നാഥാ 
ക്ഷമിച്ചാലും! ഈ യാ-ചന മേലൂറിശിലേമിലങ്ങേ 
സിംഹാസനമണഞ്ഞീടേണംനമിക്കുന്നേ നാഥാവണങ്ങുന്നേ നാഥാസ്തുതിക്കുന്നേ നാഥാ

No comments:

Post a Comment