ആരാധന - ചോദ്യോത്തരങ്ങള്‍

  1. ആരാധിക്കുക എന്ന വാക്കിന്റെ പര്യായ പദങ്ങള്‍?
    സ്തുതിക്കുക, പുകഴ്ത്തുക, വാഴ്ത്തുക, നമിക്കുക, വന്ദിക്കുക, നമസ്കരിക്കുക, മഹത്വപ്പെടുത്തുക
    worship, adore, praise, respect, glorify
  2. കപടം, യഥാര്‍ത്ഥം എന്ന്‍ ആരാധനയെ തിരിക്കാമോ?
    തിരിക്കാം. കപടം ചുണ്ടില്‍ നിന്ന് വരുന്നു; യഥാര്‍ത്ഥം ഹൃദയത്തില്‍ നിന്നും.
    കപടം (pretension) : ഇല്ലാത്ത മഹത്വം ഉണ്ടെന്ന് പറയുന്നത്. മുഖസ്തുതി , flatter, കാര്യം കാണാന്‍ കഴുതക്കാല്‍ പിടിക്കുന്നത്
    ഉദാ : മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍ മുഖം
    യഥാര്‍ത്ഥം (real) : ഒരാളിന്‍റെ മഹത്വം കണ്ട് അയാളെ പുകഴ്ത്തുന്നത്
    ഒരു യജമാനന്റെ കീഴില്‍ ജോലി ചെയ്തപ്പോള്‍, മുടിയന്‍ പുത്രന് സ്വന്തം പിതാവിന്റെ മഹത്വത്തെക്കുറിച്ച് ബോധ്യം ഉണ്ടായി.
  3. നാം ദൈവത്തെ സ്തുതിക്കുന്നതെന്തിന് ? ദൈവത്തിന് സ്തുതി ആവശ്യമുണ്ടോ?
    നാം ദൈവത്തിന്‍റെ മഹത്വം കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ സ്വാഭാവികമായി ഉണ്ടാകുന്നതാണ് സ്തുതി. ദൈവത്തിന്‍റെ മഹത്വം കാണാതെ സ്തുതിക്കുന്നത് കപട സ്തുതിയാണ് . ദൈവത്തിന് ആരുടേയും സ്തുതി ആവശ്യമില്ല.
  4. ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് ദൈവത്തെ സ്തുതിക്കുവാനാണോ?
    അല്ല.
  5. ആകാശവും ഭൂമിയും അവയിലുള്ള സര്‍വ്വവും ദൈവത്തെ പുകഴ്ത്തുന്നു. എന്തുകൊണ്ട് ?
    അവയെല്ലാം ദൈവത്തിന്‍റെ മഹത്വം കാണുന്നതുകൊണ്ട്
  6. ജീവനില്ലാത്തവ ദൈവത്തെ സ്തുതിക്കുമോ ?
    ജീവനില്ലാത്തവയും ദൈവത്തെ സ്തുതിക്കുന്നതായി നമ്മുടെ ഭക്തകവികള്‍ സങ്കല്‍പ്പിച്ചു.
    ആകാശങ്ങള്‍ ദൈവമഹത്വത്തെ വര്‍ണിക്കുന്നു എന്ന് കവികള്‍ പാടി. പകല്‍ അടുത്ത പകലോടും രാത്രി അടുത്ത രാത്രിയോടും ദൈവമഹത്വം ഭാഷ കൂടാതെ പ്രഘോഷിക്കുന്നു എന്നും അവര്‍ പാടി.
  7. എന്തെല്ലാമാണ് സര്‍വ്വ ജീവികളും അജീവികളും ദൈവത്തില്‍ കാണുന്ന മഹത്വം?
    • എല്ലാ കഴിവുകളും ഉള്ളത് ദൈവത്തിന് മാത്രം
    • എന്നേയ്ക്കും ജീവിക്കുന്നത് ദൈവം മാത്രം
    • സര്‍വ്വവും അറിയുന്നത് ദൈവം മാത്രം
    • തെറ്റുകുറ്റങ്ങളും അബദ്ധങ്ങളും ഒരിക്കലും വരുത്താത്തത് ദൈവം മാത്രം
  1. ദൈവം ഇങ്ങനെയൊക്കെ ആണെന്ന്‍ എങ്ങനെ അറിയാം? ദൈവത്തെ ആരും കണ്ടിട്ടില്ലല്ലോ .
    അദൃശ്യനായ ദൈവത്തെക്കുറിച്ച് നാം പറയുന്ന കാര്യങ്ങള്‍ ദൃശ്യമായ കാര്യങ്ങളോട് ബന്ധപ്പെടുത്തിയാണ്.
    • നമ്മുടെയെല്ലാം കഴിവുകള്‍ പരിമിതമാണ്; എല്ലാ കഴിവുകളും ഉള്ളത് ദൈവത്തിന് മാത്രം എന്ന്‍ നാം അനുമാനിക്കുന്നു.
    • എല്ലാ ജീവികളും ചുരുക്കകാലം മാത്രം ജീവിക്കുന്നു, എന്നേയ്ക്കും ജീവിക്കുന്നത് ദൈവം മാത്രമെന്ന് നാം അനുമാനിക്കുന്നു.
    • നമ്മുടെയെല്ലാം അറിവ് പരിമിതമാണ്; എല്ലാം അറിയുന്നത് ദൈവത്തിന് മാത്രം എന്ന് നാം അനുമാനിക്കുന്നു.
    • നാമെല്ലാം തെറ്റുകുറ്റങ്ങള്‍ വരുത്തുന്നു; തെറ്റുകുറ്റങ്ങളൊന്നും വരുത്താത്തത് ദൈവം മാത്രമെന്ന് നാം അനുമാനിക്കുന്നു.
  1. ഇക്കാര്യങ്ങളില്‍ ഏറ്റവും പ്രധാനം ഏതാണ് ?
    ദൈവം തെറ്റുകുറ്റങ്ങളൊന്നും ഒരിക്കലും വരുത്തുന്നില്ല എന്നതിന്‍റെ പേരിലാണ് നാം ദൈവത്തെ ഏറ്റവും അധികമായി പുകഴ്ത്തുന്നത്. പരിശുദ്ധന്‍ എന്ന പദമാണ് ആ അര്‍ത്ഥത്തില്‍ നാം ഉപയോഗിക്കുന്നത്.
  2. ദൈവം മാത്രം പരിശുദ്ധന്‍ എന്ന്‍ പുകഴ്ത്തുന്നതിന്റെ അര്‍ഥം എന്താണ് ?
    നാമെല്ലാം തെറ്റുകുറ്റങ്ങള്‍ വരുത്തുന്നവരാണ് അഥവാ തെറ്റ് മനുഷ്യസഹജമാണ് എന്ന സമ്മതം ആണത്. പാപി എന്ന പദം ആ അര്‍ത്ഥത്തില്‍ നാം ഉപയോഗിക്കാറുണ്ട്.
  3. നാം തെറ്റുകുറ്റങ്ങള്‍ വരുത്തുന്നത് എന്തുകൊണ്ട് ?
    ഇവര്‍ ചെയ്യുന്നത് ഇന്നത് എന്ന്‍ ഇവര്‍ അറിയുന്നില്ല . ആകയാല്‍ ഇവരോട് ക്ഷമിക്കണമേ എന്ന്‍ യേശു തന്നെ കുരിശിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നു. നമ്മുടെ അറിവ് പരിമിതമായതുകൊണ്ടാണ് നാം തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നത്. ചെറുപ്പത്തില്‍ നാം ചെയ്ത പല കാര്യങ്ങളും പിന്നീട് അറിവ് വര്‍ദ്ധിക്കുമ്പോള്‍ തെറ്റായിരുന്നു എന്ന്‍ നാം തിരിച്ചറിയും.
  4. ആരാണ് പാപികള്‍?
    എല്ലാ മനുഷ്യരും പാപികളാണ് . പാപം മാത്രം ചെയ്യുന്നവര്‍ എന്നല്ല അതിന്‍റെ അര്‍ഥം. നാം ചെയ്യുന്നതെന്തും പാപമാകാം എന്നാണ് അതിന്റെയര്‍ത്ഥം. ഒരിക്കല്‍ യേശു ഇങ്ങനെ അരുളി : ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരുമില്ല.
  5. എല്ലാവരും പാപികളാണെങ്കില്‍ പാപികള്‍ എന്നൊരു ജനവിഭാഗത്തെപ്പറ്റി സുവിശേഷങ്ങളില്‍ പറയുന്നത് എന്തുകൊണ്ട്?
    അത് അക്കാലത്തെ പരീശന്മാരുടെ കാഴ്ചപ്പാടായിരുന്നു. അവര്‍ ആളുകളെ നീതിമാന്മാര്‍ എന്നും പാപികള്‍ എന്നും തരം തിരിച്ചു. എന്നാല്‍ യേശുതമ്പുരാന്‍ ആ കാഴ്ചപ്പാട് നിരാകരിച്ചു.
  6. ദൈവം യാതൊരു തെറ്റുകുറ്റങ്ങളും വരുത്താത്തത് എന്തുകൊണ്ട്?
    ദൈവത്തിന് എല്ലാം അറിയാം . എല്ലാമറിയുന്ന ഒരാള്‍ യാതൊരു അബദ്ധവും തെറ്റുകുറ്റങ്ങളും വരുത്തുകയില്ല.
  7. ദൈവത്തിന്‍റെ കണ്ണില്‍ എല്ലാവരും ഒരുപോലെയാണോ?
    ദൈവത്തിന്‍റെ കണ്ണില്‍ എല്ലാവരും തെറ്റുകുറ്റങ്ങള്‍ ചെയ്യുന്നവരാണ്. ദൈവം സ്വര്‍ഗ്ഗത്തില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്നത് എല്ലാവരും ഒരുപോലെ വഴിതെറ്റുന്നതാണ്. എന്നാല്‍ അവരില്‍ രണ്ടു വിഭാഗമുണ്ട്: അക്കാര്യം സമ്മതിക്കുന്നവരും സമ്മതിക്കാത്തവരും . പരീശനും ചുങ്കക്കാരനും ഒരുപോലെ പാപികളാണ്. എന്നാല്‍ ചുങ്കക്കാരന്‍ അക്കാര്യം സമ്മതിക്കുന്നു; പരീശന്‍ സമ്മതിക്കുന്നില്ല.
  8. ജന്മപാപം കര്മ്മപാപം എന്നിങ്ങനെ രണ്ടു തരം പാപങ്ങളുണ്ടോ ?
    ഇല്ല. പില്‍ക്കാലത്ത് വികസിച്ചു വന്ന അബദ്ധ ധാരണയാണ് അത്. യേശുവോ അപ്പോസ്തോലന്മാരോ അങ്ങനെ പഠിപ്പിച്ചിട്ടില്ല. അതനുസരിച്ച് ആദംഹവ്വമാര്‍ സൃഷ്ടിക്കപ്പെട്ടപ്പോള്‍ പാപികളല്ലായിരുന്നു. അവര്‍ പാപം ചെയ്തു പാപികളായി. അവര്‍ക്കുണ്ടാകുന്ന സന്തതി പരമ്പരകള്‍ അവരുടെ പാപവുമായി ജനിച്ചു.
  9. പാപത്തിന്റെ ശമ്പളം മരണം എന്ന്‍ പൌലോസ് അപ്പോസ്തോലന്‍ പറയുന്നത് എന്തര്‍ത്ഥ ത്തിലാണ് ?
    പാപം ചെയ്‌താല്‍ ദൈവം മരണശിക്ഷ നല്‍കും എന്ന അര്‍ത്ഥത്തിലാണ് സാധാരണ അത് വ്യാഖ്യാനിക്കാറുള്ളത്. എന്നാല്‍ പൌലോസ് അപ്പോസ്തോലന്‍ ഉദ്ദേശിച്ചത് വളരെ വ്യത്യസ്തമായ അര്‍ത്ഥമാണ്. പാപം എന്ന യജമാനന്‍ തന്‍റെ ദാസര്‍ക്ക് നല്‍കുന്ന കൂലി എന്ന മരണത്തെക്കുറിച്ചാണ് അവിടെ പറയുന്നത്. നാം സ്ഥിരമായി പാപപ്രവൃത്തികള്‍ ചെയ്യുമ്പോള്‍ നാം പാപം എന്ന യജമാനന്റെ നിയന്ത്രണത്തിലാകുന്നു. ആ യജമാനന്‍ നമുക്ക് തരുന്ന വേതനമാണ് മരണം.
  10. എന്താണ് പാപത്തിന്‍റെ ഫലമായ മരണം?
    നമ്മുടെ സ്വാഭാവികമായ മരണം പാപത്തിന്റെ ഫലമാണെന്ന അബദ്ധ ധാരണ പ്രചാരത്തിലുണ്ട്. എന്നാല്‍ ജനനം പോലെ സ്വാഭാവികമാണ് മരണവും. ജനനമുള്ള എല്ലാ ജീവികള്‍ക്കും മരണവുമുണ്ട് . ജനിമൃതി കളില്ലാത്തത് ദൈവത്തിന് മാത്രം. ആദംഹവ്വമാര്‍ പഴം പറിച്ചു തിന്നില്ലായിരുന്നെങ്കില്‍ ഇന്നും ജീവിച്ചിരുന്നേനെ എന്ന്‍ വിശ്വസിക്കുന്നവരുണ്ട്. തിന്നുന്ന നാളില്‍ നീ മരിക്കും എന്നായിരുന്നല്ലോ ദൈവം അരുളിയത്. അവര്‍ തിന്നു. എന്നാല്‍ അവര്‍ മരിച്ചത് എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. തിന്ന നാളില്‍ തന്നെ സംഭവിച്ച ഒരു മരണത്തെക്കുറിച്ചായിരുന്നു ആ അരുളപ്പാട് എന്ന്‍ വേണം കരുതാന്‍. അത് അവരുടെ ഏദന്‍ ജീവിതത്തിന്‍റെ അവസാനം എന്ന മരണമായിരുന്നു. ദൈവത്തോട് കൂടെയുള്ള സന്തോഷപൂര്‍ണമായ അവരുടെ ജീവിതം അന്ന് അവസാനിച്ചു.
  11. എന്തായിരുന്നു ആദംഹവ്വമാരുടെ അബദ്ധം?
    ഒരു തെറ്റായ ധാരണയുടെ ഫലമായി അവര്‍ ദൈവത്തെ സംശയിച്ചു അവര്‍ അനുസരണക്കേട്‌ കാട്ടി.. എന്നാല്‍ പിന്നീട് സംഭവിച്ചത് അതിലും വലിയ ഒരു അബദ്ധമായിരുന്നു. തങ്ങള്‍ക്ക് ഒരു അബദ്ധം സംഭവിച്ചുപോയി എന്ന്‍ സമ്മതിച്ച് ക്ഷമ ചോദിക്കാമായിരുന്നു. അതിന് പകരം സ്വയം നീതീകരിച്ചു കുറ്റം മാറ്റാരുടെയെങ്കിലും തലയില്‍ കെട്ടി വയക്കാനാണ് ഇരുവരും ശ്രമിക്കുന്നത്. സ്വന്തം തെറ്റ് സമ്മതിക്കാതെ മറ്റുള്ളവരെ സദാ കുറ്റപ്പെടുത്തുന്നതാണ് എക്കാലത്തും മനുഷ്യന്‍റെ പ്രധാന അബദ്ധം.
  12. പല മതക്കാരുടെ ദേവാലയങ്ങള്‍ ലോകത്തിലുണ്ട് . അവയില്‍ ഏതാണ് യഥാര്‍ത്ഥ ദേവാലയം?
    ഗരിസിം മലയിലുള്ളതാണോ യെരുശലേമിലുള്ളതാണോ യഥാര്‍ത്ഥ ദേവാലയം എന്ന ശമര്യ സ്ത്രീയുടെ ചോദ്യമാണിത്. രണ്ടും യഥാര്‍ത്ഥമല്ല എന്നായിരുന്നു യേശുവിന്‍റെ മറുപടി. ഈ കെട്ടിടങ്ങളെല്ലാം യഥാര്‍ത്ഥ ദേവാലയത്തിന്‍റെ പ്രതീകങ്ങളാണ്. യഥാര്‍ത്ഥ ദേവാലയം ഈ ലോകം തന്നെയാണ്. സ്വര്‍ഗ്ഗം തന്‍റെ സിംഹാസനവും ഭൂമി തന്‍റെ പാദപീഠവും എന്ന്‍ ഭക്തകവി സങ്കല്‍പ്പിക്കുന്നു. സ്ഥലകാലങ്ങളിലൊതുങ്ങാത്ത ദൈവം എവിടെയെങ്കിലും വസിക്കുന്നു എന്ന്‍ ചിന്തിക്കുന്നത് യുക്തിക്ക് നിരക്കുകയില്ല. സകലവും ദൈവത്തില്‍ വസിക്കുന്നു എന്ന്‍ ചിന്തിക്കുന്നതാണ് യുക്തിഭദ്രം.
  13. വ്യത്യസ്ത മതക്കാര്‍ക്ക് വ്യത്യസ്ത ആരാധനാരീതികളുണ്ട് . ഏതാണ് ശരിയായ ആരാധനാരീതി?
    നാം ദേവാലയത്തിനുള്ളില്‍ ചെയ്യുന്നത് യഥാര്‍ത്ഥ ആരാധനയുടെ പ്രതീകം മാത്രമാണ്. ദൈവത്തെ മഹത്വപ്പെടുത്തിക്കൊണ്ട് ദൈവേഷ്ടപ്രകാരം ജീവിക്കുന്നതാണ് യഥാര്‍ത്ഥ ആരാധന. സൂര്യചന്ദ്രന്മാര്‍ ദൈവത്തെ ആരാധിക്കുന്നത് ആ അര്‍ത്ഥത്തിലാണ്.
  14. യഥാര്‍ത്ഥ ആരാധനയെപ്പറ്റി യേശു എന്ത് പഠിപ്പിച്ചു?
    ദേവാലയത്തില്‍ പ്രാര്‍ഥിക്കാനെത്തിയ രണ്ടാളുകളുടെ കഥയിലൂടെ, നാം ദൈവത്തിന്‍റെ മഹത്വം കണ്ടു ദൈവത്തെ മഹത്വപ്പെടുത്തണമെന്ന് യേശു പഠിപ്പിച്ചു. നാം തെറ്റുകുറ്റങ്ങള്‍ വരുത്തുന്നവരാണെന്ന സത്യം ദൈവമുമ്പാകെ തുറന്ന് സമ്മതിക്കണം. ചുങ്കക്കാരന്റേത് ശരിയായ ആരാധനയായിരുന്നു. മുടിയന്‍ പുത്രന്‍ അവന്റെ പിതാവിന്‍റെ മഹത്വം മനസിലാക്കി മടങ്ങിയെത്തുന്നത് ശരിയായ ആരാധനയുടെ ഉദാഹരണമാണ്. ശമര്യസ്ത്രീയോട് ആരാധന സത്യത്തിലും ആത്മാവിലും വേണം എന്ന്‍ യേശു പറയുന്നു. സത്യത്തില്‍ എന്നതിന് യഥാര്‍ത്ഥമായ അഥവാ കപടതയില്ലാത്ത എന്നര്‍ത്ഥം നല്‍കാം. ആത്മാവില്‍ എന്നതിന് ആക്ഷരികമല്ലാത്ത എന്ന അര്‍ഥം യോജിക്കും. അതായത് ലോകമാകുന്ന ദേവാലയത്തില്‍ ദൈവേഷ്ടപ്രകാരമുള്ള ജീവിതം എന്ന ആരാധന. 
John D. Kunnathu
24/04/2019
John

2 comments: